ബെന്നി തോമസ് രാജിവച്ചു; സലിംകുമാറിന് വിട നൽകി കേരളം – പ്രധാനവാർത്തകൾ അറിയാം
Mail This Article
സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിൽ നിന്ന് സഹോദരി ഭർത്താവ് രാജിവച്ചതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സലിം കുമാറിന്റെ സംസ്കാരവും ഹോർമുസിൽ ഇറാന്റെ ഡ്രോണുകൾ യുഎസ് വെടിവച്ചിട്ടതും, ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണവും ബംഗാളിന്റെ റെയിൽവേ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം തുടങ്ങിയവ വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി. സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്.
നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‍കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്നു സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം.
വെടിനിർത്തൽ പ്രഖ്യാപനങ്ങളും സമാധാന ചർച്ചകളും പൂർണമായി തകർത്ത് ലബനനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ ശക്തമായ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ സാഹസിക നീക്കം.
ബംഗാളിന്റെ റെയിൽവേ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.